കൂട്ടുപലിശ: ചെറിയ നിക്ഷേപങ്ങളെ വലിയ സമ്പാദ്യമാക്കി മാറ്റാം

തരക്കേടില്ലാത്ത ഒരു തുണിക്കടയിൽ കയറി ഷോപ്പിംഗ് നടത്തിയതിനു ശേഷം  ബില്ലടക്കുകയായിരുന്നു യുവിക; സുഹൃത്തായ നിധിയും കൂടെയുണ്ട്. കടക്കാരുടെ കയ്യിൽ തിരികെ തരാൻ ചില്ലറയില്ലാതിരുന്നത് കൊണ്ട് 10 രൂപ ബാലൻസ് വേണ്ട എന്ന് യുവിക പറഞ്ഞു. അത് കേട്ട് നിധി അസ്വസ്ഥയായി. “ നീ ആ 10 രൂപാ ചോദിച്ചു വാങ്ങു. നീ വേണ്ടന്ന് വെക്കുന്നത് 10 രൂപയല്ല ഏകദേശം 300  രൂപയാണ്.”

“മുന്നൂറ് രൂപയോ”, യുവിക ഞെട്ടി. “അതെങ്ങനെ”

“അതൊക്കെ പറഞ്ഞു തരാം. നീ ആദ്യം ആ പണം തിരിച്ച വാങ്ങിക്ക്”, നിധി യുവികയെ  നിർബന്ധിച്ചു.

പണവും വാങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോൾ നിധി കാര്യം വിശദീകരിച്ചു.

“നമ്മളെ പോലെയുള്ള ആളുകളുടെ ഏക വരുമാനം എന്താ?”, നിധി ചോദിച്ചു 

“മാസ ശമ്പളം”

“അതെ. അതാണെങ്കിൽ അധികം ഇല്ല താനും. അല്ലെ?”

“ശരിയാണ്”

“അപ്പോൾ ആ ചെറിയ ശമ്പളം കൂട്ടിവെച്ചു ഒരു സമ്പാദ്യം ഉണ്ടാകണമെങ്കിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു ഒരു കാര്യമേയുള്ളു – അതാണ് എട്ടാമത്തെ ലോകത്ഭുതം, കംപൗണ്ടിംഗ് പലിശ (compund interest) –  അഥവാ കൂട്ടുപലിശ!””

യുവികയ്ക്ക് അത് കേട്ടപ്പോൾ പെട്ടന്ന് കാര്യം പിടികിട്ടിയില്ല. പലരെയും പോലെ യുവികയും “പലിശ” എന്നതിനെ സാധാരണ പലിശയായി (simple interest) മാത്രമാണ് കണ്ടിരുന്നത്. എന്നാൽ നിധി ഓരോ രൂപയെയും കണ്ടിരുന്നത് ദീർഘകാലവീക്ഷണത്തോടെയാണ്..

കംപൗണ്ടിംഗ്: പണം പണമായി വളരുന്ന മായാജാലം

കംപൗണ്ടിംഗ് എന്നത്, ലളിതമായി  പറയുമ്പോൾ, നമുക്ക് കിട്ടുന്ന പലിശ പുനഃനിക്ഷേപിച്ചാൽ, അതിന് മുകളിൽ  വീണ്ടും പലിശ ലഭിക്കും. ഈ ചക്രം വർഷങ്ങളോളം തുടർന്നാൽ, ചെറിയ ഒരു നിക്ഷേപം പോലും വലിയൊരു ആസ്തിയായി വളരും. ഇതിലെ ഏറ്റവും മുഖ്യമായ കാര്യം എത്ര കാലം ഈ നിക്ഷേപ ചക്രം തുടരുന്നു എന്നതാണ്. ആൽബർട്ട് ഐൻസ്റ്റീൻ ഇതിനെ “എട്ടാമത്തെ ലോകത്ഭുതം (8th wonder of the world)” എന്നാണ് വിളിച്ചത്.

“Those who understand it, earn it. Those who don’t, pay it.” – Einstein

10 രൂപ 300 ആയിത്തീരുന്ന മായാജാലം:

‘എന്നാലും 10  രൂപ എങ്ങനെ 300 ആയി മാറും ഒന്ന് കൃത്യമായി പറയൂ?’, യുവിക ചോദിച്ചു.

‘പറഞ്ഞു തരാം. നീ പത്തു രൂപ 12% പലിശ തരുന്ന ഒരു പദ്ധതിയിൽ നിക്ഷേപിച്ചു എന്ന് കരുതുക. ഓരോ വർഷവും നിന്റെ നിക്ഷേപത്തിൽ പലിശയും വന്ന് തുടങ്ങും’, നിധി പറഞ്ഞു തുടങ്ങി  

‘അതായത് ഒരു വർഷത്തിന് ശേഷം 10 രൂപ 11.2 രൂപ ആകും. രണ്ടാം വർഷം അത് 12.54 ആകും. മൂന്നാം വർഷം 14.045   അങ്ങനെ നമ്മൾ അറിയാതെ തന്നെ ആ  പണം വളർന്നു കൊണ്ടിരിക്കും.’ 

‘എല്ലാ വർഷവും ഒന്നോ രണ്ടോ രൂപ വെച്ച് കൂടിയാൽ എന്ത് ഉപകാരം?’

‘അതാണ് മാജിക്. ഇതിൽ ഒരു രസകരമായ കണക്കുണ്ട്. നിന്റെ പലിശ 12% ആണെങ്കിൽ ഓരോ 6 വർഷവും നിൻറെ സമ്പാദ്യം ഇരട്ടിക്കും. അതായത് 6 വർഷങ്ങൾക്ക് ശേഷം 10 എന്നത് 20 ആകും. പിന്നെയും ആറു വർഷം കഴിയുമ്പോൾ 20 എന്നത് 40 ആകും. ’

അതെങ്ങനെ കണ്ടുപിടിച്ചു?

 “കൂട്ട് പലിശ കൊണ്ട് പണം ഇരട്ടിക്കാൻ എത്ര വർഷം വേണമെന്ന് കണ്ടുപിടിക്കാൻ ഒരു പൊടികൈ  ഉണ്ട് – Rule of 72,

72 / പലിശ നിരക്ക് = പണം ഇരട്ടി ആകാൻ വേണ്ട വർഷങ്ങൾ

ഉദാഹരണത്തിന്:

  • പലിശ നിരക്ക് 12% ആണെങ്കിൽ: 72/12 = 6 വർഷം
  • പലിശ 8% ആണെങ്കിൽ: 72/8  = 9  വർഷം

അതായത് 12% പലിശ ലഭിക്കുന്ന ഒരു നിക്ഷേപത്തിൽ പണം 6 വർഷംകൊണ്ട് ഇരട്ടിയാകും.

  • 6 വർഷം കഴിയുമ്പോൾ നിന്റെ 10 രൂപ 20 ആകും 
  • പിന്നെയും ആറു വർഷങ്ങൾ കഴിയുമ്പോൾ, അതായത് 12 വർഷങ്ങൾ കൊണ്ട്  അത് 40 ആകും 
  • 18  വർഷങ്ങൾ കൊണ്ട് 80 
  • 24 വർഷങ്ങൾ കൊണ്ട് 160 
  • 30 വർഷങ്ങൾ കൊണ്ട് 320 
  • ഇനി ഒരു ആറു വർഷങ്ങൾ കൂടി കാത്തിരുന്നല്ലോ? 320 എന്നത് 640 ആകും 

‘നിനക്ക് ഇപ്പോൾ എത്ര വയസ്സായി?’, യുവികയോട് നിധി ചോദിച്ചു

‘23 വയസ്സ് 

‘അതായത് നീ റിട്ടയർ ആകാൻ ഏകദേശം 37 വർഷങ്ങൾ ഉണ്ട്. അല്ലേ?’

‘അപ്പോൾ നീ ഇന്ന് വേണ്ടന്ന് വെച്ച ആ 10 രൂപ തരക്കേടില്ലാത്ത ഒരു നിക്ഷേപദ്ധതിയിൽ ഇട്ടാൽ, നീ റിട്ടയർ ആകുമ്പോൾ മറ്റൊന്നും ചെയ്യാതെ തന്നെ അത് 640 രൂപയായി വളരും. അപ്പോൾ 1000 രൂപ നിക്ഷേപിച്ചാലോ?’

“അത് 64000 രൂപ ആകും. 64 ഇരട്ടി!”’

കൂട്ടുപലിശയിൽ നിക്ഷേപത്തിൻറെ സമയമാണ് ഏറ്റവും പ്രധാനം.  കൂടുതൽ സമയം നിക്ഷേപിച്ചാൽ, ചെറിയ തുകയുമായും വലിയ ഫലം ഉണ്ടാക്കാം.

കൂട്ടുപലിശ കാൽക്കുലേറ്റർ (Compound interest calculator)

വളർച്ചയുടെ സാർവത്രിക ഫോർമുല – Compound Interest Formula

ഈ മാന്ത്രികതയ്ക്ക് പിന്നിലെ കണക്കുകൂട്ടൽ കൂട്ടുപലിശയുടെ ഫോർമുലയാണ്. ഞങ്ങളുടെ കാൽക്കുലേറ്റർ ഇത് നിങ്ങൾക്കായി ചെയ്യുന്നു, പക്ഷേ അത് മനസ്സിലാക്കുന്നത് കൂടുതൽ കരുത്ത് പകരും.

A=P(1+nr​)nt

ഇതിനർത്ഥം:

  • A = നിക്ഷേപത്തിന്റെ ഭാവിയിലെ മൂല്യം.
  • P = മുതൽ തുക (നിങ്ങളുടെ പ്രാരംഭ നിക്ഷേപം).
  • r = വാർഷിക പലിശ നിരക്ക് (ദശാംശ രൂപത്തിൽ).
  • n = ഒരു വർഷം പലിശ കണക്കാക്കുന്ന തവണകളുടെ എണ്ണം.
  • t = പണം നിക്ഷേപിക്കുന്ന വർഷങ്ങളുടെ എണ്ണം.

കൂട്ടുപലിശ കാൽക്കുലേറ്റർ (Compound interest calculator)

കംപൗണ്ടിംഗ്: സമയം തന്നെയാണ് ഏറ്റവും പ്രധാനം

കൂട്ടുപലിശയിൽ നിക്ഷേപത്തിൻറെ സമയമാണ് ഏറ്റവും പ്രധാനം.  കൂടുതൽ സമയം നിക്ഷേപിച്ചാൽ, ചെറിയ തുകയുമായും വലിയ ഫലം ഉണ്ടാക്കും.

ഇതിന്റെ മറ്റൊരു വശം പലരും കേട്ടിട്ടുണ്ടാവും. കടക്കെണിയിൽ പെട്ട് തകർന്ന് പോയ പലരും പറയുന്നത് കേട്ടിട്ടുണ്ടോ: ‘കടം വാങ്ങിയത് ആകെ പതിനായിരം രൂപയാണ് ഇപ്പൊ പത്തു വർഷം കൊണ്ട്  പലിശയും, കൂട്ട് പലിശയും കൂടി അഞ്ചു ലക്ഷം രൂപ ആയി’. ഇങ്ങനെയുള്ള അനുഭവങ്ങളിൽ വില്ലനാകുന്നതും ഇതേ കൂട്ടുപലിശയാണ്. പക്ഷെ ഇവിടെ പലിശ ചിലപ്പോൾ 20% – വും അതിനു മുകളിലും ആയിരിക്കും എന്ന് മാത്രം.

സ്ഥിരതയും, സഹിഷ്ണുതയും നിർണായകം

കൂട്ടുപലിശ ഏറ്റവും നല്ല ഫലം തരുന്നത് സഹിഷ്ണുതയും, സ്ഥിരതയും പുലർത്തുന്നവർക്കാണ്.

  • ഇടയിൽ പണം പിൻവലിച്ചാൽ കംപൗണ്ടിംഗ് ചക്രം തകരും.
  • കുറച്ചു വർഷങ്ങൾക്ക് ശേഷം അത് ഫലം കണ്ട് തുടങ്ങും

ഇതിൻറെ ഏറ്റവും നല്ല വശം എന്താണ് അറിയാമോ? നിങ്ങൾക്ക് ഒന്നും ചെയ്യേണ്ടതില്ല.
പണം ജോലി ചെയ്യട്ടെ – നിങ്ങൾക്കായി. നിങ്ങൾ ജോലി ചെയ്യുമ്പോഴും, ഉറങ്ങുമ്പോഴും, യാത്രയിലായിരിക്കുമ്പോഴും, നിക്ഷേപം തനിയെ വളർന്നു കൊള്ളും.

Share the Post:

കൂട്ടുപലിശ: ചെറിയ നിക്ഷേപങ്ങളെ വലിയ സമ്പാദ്യമാക്കി മാറ്റാം

തരക്കേടില്ലാത്ത ഒരു തുണിക്കടയിൽ കയറി ഷോപ്പിംഗ് നടത്തിയതിനു ശേഷം ബില്ലടക്കുകയായിരുന്നു യുവിക; സുഹൃത്തായ നിധിയും കൂടെയുണ്ട്. കടക്കാരുടെ കയ്യിൽ തിരികെ....

മനുവിന്റെ സാമ്പത്തിക തിരിച്ചറിവ്: നിക്ഷേപത്തിന്റെ പ്രാധാന്യം

രാവിലെ മനസ്സിൽ ആശങ്കകളുമായി തിരക്കേറിയ ട്രെയിനിൽ കയറി ഓഫിസിലേക്ക് പോവുകയായിരുന്നു മനു. "50,000 രൂപ ശമ്പളം കിട്ടുന്നുണ്ട്, പക്ഷേ മാസാവസാനം....

സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം തുടങ്ങുന്നതിന് മുൻപ് അറിയേണ്ടതെല്ലാം

ഓഹരി വിപണി പലർക്കും ഒരു കടൽ പോലെ തോന്നും. അതുകൊണ്ട് അതിലേക്ക് ഇറങ്ങി തിരിക്കാൻ ഭയവും ആശങ്കയും തോന്നുക സ്വാഭാവികമാണ്.....

Related Posts